Wednesday, April 20, 2011

പെസഹാവ്യാഴം – ലത്തീന്‍ ആരാധനക്രമം പ്രകാരം നടക്കുന്ന ചടങ്ങുകള്‍



പെസഹാ എന്ന വാക്കിന്റെ അര്‍ഥം കടന്നുപോകല്‍ എന്നാണ്.  ക്രൈസ്തവ സഭയുടെ പ്രധാനപ്പെട്ട തിരുനാളുകളില്‍ ഒന്നാണ് പെസഹാവ്യാഴം. പഴയ നിയമ പ്രകാരവും പുതിയ നിയമ പ്രകാരവും പെസഹായ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്.  ക്രിസ്തുവിന്റെ അന്ത്യഅത്താഴവും, പരിശുദ്ധ കുര്‍ബാനയുടെ സ്ഥാപനവും, പീഡാനുഭവങ്ങളുടെ ആരംഭവുമാണ് പെസഹാ തിരുനാള്‍ വഴി ക്രൈസ്തവ സഭ അനുസ്മരിക്കുന്നത്.  ലത്തീന്‍ ആരാധനക്രമം പ്രകാരം വൈകിട്ടാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്.

അമ്പത് നോമ്പ്‌ ദിവസങ്ങളില്‍ അള്‍ത്താരയില്‍ സഹനത്തിന്റെയും, ക്ഷമയുടെയും, വേദനയുടെയും സൂചകമായി വിരിക്കുന്ന ധൂമ്ര  (purple) വിരിപ്പുകള്‍ക്കും തിരശീലകള്‍ക്കും അലങ്കാരങ്ങള്‍ക്കും പകരം പെസഹാ  ദിവസം ആഘോഷസൂചകമായ വെള്ള/സുവര്‍ണ്ണ (white/golden) വിരിപ്പുകളും തിരശീലകളും അലങ്കാരങ്ങളുമാണ് ഉണ്ടാവുക.  വൈദികരുടെ തിരുവസ്ത്രങ്ങളും ആഘോഷസൂചകമായ വെള്ള/സുവര്‍ണ്ണ നിറങ്ങളില്‍ ഉള്ളതായിരിക്കും.  പുഷ്പാലങ്കൃതമായ അള്‍ത്താരയിലേക്ക് പ്രധാനകാര്‍മ്മികന്‍ സഹകാര്‍മികരോടും, യേശുവിന്റെ ശിഷ്യരെ പ്രതിനിധീകരിച്ച് പ്രത്യേകം തിരഞ്ഞെടുത്ത 12 ആളുകളോടുമൊപ്പം കടന്നുവരുന്നു.  തുടര്‍ന്ന് ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ചുകൊണ്ടുള്ള കുര്‍ബാന ആരംഭിക്കുന്നു.

കുര്‍ബാനമദ്ധ്യേ, പ്രധാനകാര്‍മ്മികന്‍, തിരഞ്ഞെടുത്ത 12 പേരുടെയും പാദങ്ങള്‍ കഴുകി ചുംബിക്കുന്നു.  അന്ത്യഅത്താഴത്തിന് മുന്‍പ്‌ യേശു, ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചുകൊണ്ട്  എളിമയുടെ മാതൃകകാട്ടിയതിനെ അനുസ്മരിച്ചുകൊണ്ടാണ് ഈ കര്‍മ്മങ്ങള്‍ നടത്തുന്നത്.

കുര്‍ബാന നല്‍കുന്ന ചടങ്ങിനു ശേഷം പരിശുദ്ധകുര്‍ബാന (തിരുവോസ്തി) അള്‍ത്താരയിലെ സക്രാരിയില്‍ നിന്നും പ്രത്യേകം സജ്ജമാക്കിയ മറ്റൊരു താല്‍ക്കാലിക സക്രാരിയിലേക്ക്‌ മാറ്റുന്നു.  യേശു അത്താഴത്തിനു ശേഷം ഗെത്സെമെനി തോട്ടത്തിലേക്ക് പോയി പ്രാര്‍ഥിച്ചതിനെ അനുസ്മരിക്കുന്ന ചടങ്ങാണിത്.  പ്രധാന കാര്‍മ്മികന്‍, തിരുവോസ്തി ഉള്‍ക്കൊള്ളുന്ന കുസ്തോദി, സഹകാര്‍മ്മികരുടെ അകമ്പടിയോടെ ആഘോഷപൂര്‍വ്വമായ ലഘു പ്രദക്ഷിണമായി, ദേവാലയത്തില്‍ അള്‍ത്താരയ്ക്ക് പുറത്ത്‌ പ്രത്യേകം തയ്യാറാക്കിയ മറ്റൊരു സക്രാരിയില്‍ സ്ഥാപിക്കുന്നു.  ഈ പ്രദക്ഷിണം അള്‍ത്താര വിടുന്നതോടെ അള്‍ത്താരയില്‍ ദൈവസാന്നിധ്യത്തെ ഓര്‍മ്മിപ്പിക്കുന്ന ദീപങ്ങള്‍ അണയ്ക്കുന്നു.  അള്‍ത്താരയിലെ എല്ലാ അലങ്കാരങ്ങളും വിരിപ്പുകളും തിരശീലകളും വിളക്കുകളും മാറ്റുന്നു.  സക്രാരി തുറന്നിടുന്നു. ഈസ്റ്റര്‍ രാവ്‌ വരെ അള്‍ത്താര, വിരിപ്പുകളും, തിരശീലയും, അലങ്കാരങ്ങളും ഇല്ലാതെ സൂക്ഷിക്കും.

തിരുവോസ്തി താല്‍കാലിക സക്രാരിയില്‍ വയ്ക്കുന്നതോടെ പെസഹാജാഗരണം ആരംഭിക്കുന്നു.  തുടര്‍ന്ന് പ്രാര്‍ത്ഥനകളും ആരാധനയുമായി തുടരുന്നു.  ചില ദേവാലയങ്ങളില്‍ 12 മണി വരെയും, ചിലയിടങ്ങളില്‍ രാത്രി മുഴുവനും ആരാധന തുടരുന്നു.

പെസഹായുടെ മറ്റൊരു പ്രധാന ചടങ്ങ് ക്രൈസ്തവ ഭവനങ്ങളിലാണ്.  അന്നേ ദിവസം ഉണ്ടാക്കിയ പെസഹാ അപ്പം കഴിക്കുന്ന ചടങ്ങാണത്.  പള്ളിയിലെ ചടങ്ങുകള്‍ക്ക്‌ ശേഷം വീട്ടിലെത്തി കുടുംബാംഗങ്ങള്‍ ഒന്നിച്ചാണ് പെസഹാ അപ്പം കഴിക്കുന്നത്. കഴിക്കുന്നതിനു മുന്‍പ് തന്‍റെ അയല്‍കുടുംബങ്ങളില്‍ പെസഹാ അപ്പം ഉണ്ടാക്കാന്‍ സാധിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള പങ്ക് ആദ്യമേ നല്‍കിയിരിക്കണം.  ഗൃഹനാഥന്‍ അപ്പം മുറിച്ച് കുടുംബാംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതോടെ പെസഹാ ചടങ്ങുകള്‍ അവസാനിക്കുന്നു.

No comments:

Post a Comment