Saturday, April 23, 2011

വലിയശനി / ഉയിര്‍പ്പ് ഞായര്‍ - ലത്തീന്‍ ആരാധനക്രമമനുസരിച്ച് നടക്കുന്ന ചടങ്ങുകള്‍.


സഭാ പാരമ്പര്യമനുസരിച്ച് വലിയ ശനി ദിവസം പകല്‍ ആരാധനാക്രമവുമായി ബന്ധപ്പെട്ട് ഒരു ചടങ്ങും ഉണ്ടാവാറില്ല.  ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ പെസഹാജാഗരണത്തിന്റെ തുടര്‍ച്ചയും തുടര്‍ന്ന് പാതിരാ കുര്‍ബാനയും നടത്തപ്പെടുന്നു. ഈസ്റ്റര്‍ ഒരു വിധത്തില്‍ സഭയുടെ വര്‍ഷാരംഭമാണ്.  അതുകൊണ്ട് തന്നെ പെസഹാ ജാഗരത്തിന്റെ ഈ അവസാനമണിക്കൂറുകള്‍ പ്രത്യേകമായ ചടങ്ങുകള്‍ കൊണ്ട് സമ്പന്നവുമാണ്..  ആ ചടങ്ങുകളിലേക്ക്...പാസ്ക്‌ ആണികള്‍
ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ആരംഭമായ പെസഹാ രാവ്‌ മുതല്‍ ഉയിര്‍പ്പ് രാവ്‌ വരെ സഭ പെസഹാ ജാഗരം അനുഷ്ടിക്കുന്നു.  അതിന്റെ അവസാന മണിക്കൂറുകളായ വലിയ ശനി രാവില്‍ പ്രത്യേകമായ ചടങ്ങുകള്‍ നടക്കുന്നു.  ഏറ്റവും ആദ്യം പുതിയ അഗ്നി ആശീര്‍വദിക്കുന്ന ചടങ്ങാണ്.  ദേവാലയത്തിലെ എല്ലാ വെളിച്ചവും അണച്ചശേഷമാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.  ആഘോഷ സൂചകമായ വെള്ള/സുവര്‍ണ്ണ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രധാന കാര്‍മ്മികന്‍ സഹകാര്‍മ്മികരോടൊപ്പം ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ എത്തുന്നു.  ഈ സമയം ജനങ്ങള്‍ ദേവാലയത്തിനു വെളിയിലായിരിക്കും.  തുടര്‍ന്ന് പ്രാര്‍ഥനകള്‍ക്ക് ശേഷം പുതിയ വര്‍ഷത്തേക്കുള്ള പാസ്ക്‌ തിരി (paschal candle) ആശീര്‍വദിക്കുന്നു. പാസ്ക്‌ തിരി സഭയുടെ ആരാധനക്രമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.  യേശുവിന്റെ സാന്നിധ്യമാണ് പാസ്ക്‌ തിരിയിലെ അഗ്നി വഴി ഓര്‍മ്മിപ്പിക്കപ്പെടുന്നത്.  മാമോദീസ, സ്ഥൈര്യലേപനം, കുമ്പസാരം, തിരുപ്പട്ടം, വിവാഹം തുടങ്ങിയ പ്രധാനപ്പെട്ട കൂദാശകളില്‍ പാസ്ക്‌ തിരിയുടെ സാന്നിധ്യമുണ്ടായിരിക്കണം.  പാസ്ക്‌ തിരിയില്‍ ഒരു കുരിശ് വരച്ച് അതിന്റെ നാല് ഭാഗങ്ങളില്‍ നടപ്പു വര്‍ഷവും കുരിശിനു മുകളിലും താഴെയുമായി ഗ്രീക്ക്‌ അക്ഷരമാലയിലെ ആല്‍ഫ, ഒമേഗ എന്നീ അക്ഷരങ്ങളും രേഖപ്പെടുത്തിയിരിക്കും. ദൈവത്തിന്‍റെതാണ് കാലങ്ങളും യുഗങ്ങളും അവിടുന്നാണ് ആല്ഫായും (ആദി) ഒമേഗയും (അന്ത്യം) എന്നാണ് ഈ എഴുത്തിന്റെ അര്‍ഥം.  (ചിത്രം കാണുക) തുടര്‍ന്ന് കുരിശിന്റെ നാല് അഗ്രങ്ങളിലും നടുവിലുമായി സുഗന്ധദ്രവ്യങ്ങള്‍ (കുന്തിരിക്കം പോലുള്ള) നിറച്ച പാസ്ക്‌ ആണികള്‍ കുത്തിനിര്‍ത്തുന്നു.  ക്രിസ്തുവിന്റെ അഞ്ചു തിരുമുറിവുകളെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്.  തുടര്‍ന്ന് വൈദികന്‍ തീക്കനലുകളില്‍ ഊതി പുതിയ അഗ്നിയെടുക്കുന്നു.  ആ അഗ്നി ആശീര്‍വദിച്ച്   പാസ്ക്‌ തിരിയിലെക്ക് പകരുന്നു.  തുടര്‍ന്ന് ജനങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കൈത്തിരികളിലേക്ക്‌ ഈ അഗ്നി പകരുന്നു പാസ്ക്‌ തിരിയുമായി പ്രധാന വൈദികന്‍ അള്‍ത്താരയിലേക്ക് നടക്കുന്നു.  ജനങ്ങള്‍ ദേവാലയത്തിനകത്തേക്ക് പ്രവേശിക്കുന്നു.. 

2008 ലെ ഒരു പാസ്കല്‍ തിരി 
അള്‍ത്താരയിലേക്കുള്ള യാത്രയില്‍ പ്രധാന കാര്‍മ്മികന്‍ മൂന്ന് വട്ടം നിന്ന് ക്രിസ്തുവിന്‍ പ്രകാശം  എന്നുച്ചരിക്കുന്നു.  ജനങ്ങള്‍ ദൈവത്തിനു സ്തോത്രം എന്ന് പ്രത്യുചരിക്കുന്നു.  ഇത് മൂന്ന്‍ വട്ടം ആവര്‍ത്തിക്കുന്നു..  അലങ്കാരങ്ങളോ വിരിപ്പുകളോ ഇല്ലാത്ത അള്‍ത്താരയില്‍ വൈദികര്‍ പാസ്ക്‌ തിരിയുമായി എത്തുന്നതോടെ ദേവാലയത്തിലെ എല്ലാ  ദീപങ്ങളും തെളിയിക്കുന്നു.  

ഇതിനു ശേഷം പ്രത്യേകമായ പ്രാര്‍ഥനാ സങ്കീര്‍ത്തനം ആലപിക്കുന്നു. തുടര്‍ന്ന് പാതിരാ കുര്‍ബാന ആരംഭിക്കുന്നു. സാധാരണയില്‍ നിന്ന് വിഭിന്നമായി പാതിരാ കുര്‍ബാനയ്ക്കിടെ തുടര്‍ച്ചയായ സുദീര്‍ഘമായ ബൈബിള്‍ വായന നടത്തുന്നു.  പന്ത്രണ്ടു മണിയോടെ ക്രിസ്തുവിന്റെ ഉയര്‍പ്പിനെ അനുസ്മരിച്ചുകൊണ്ട് ഗ്ലോറിയ പാടുന്നു.  പള്ളിമണികളും ചെറുമണികളും മുഴക്കുന്നു. (വിശുദ്ധ വാരത്തിനു ശേഷം ആദ്യമായി ഇപ്പോഴാണ് പള്ളിമണികള്‍ മുഴക്കുന്നത്) ആരാധനക്രമത്തിന്‍റെ ഭാഗമല്ലെങ്കിലും ഈ സമയം ക്രിസ്തുവിന്റെ ഉയര്പ്പിന്റെ ദൃശ്യാവിഷ്കാരം നടത്തുന്നു.  ഗ്ലോറിയ പാടിത്തീര്‍ക്കുന്ന സമയം കൊണ്ട് അള്‍ത്താരയില്‍ പുത്തന്‍ വിരിപ്പുകളും തിരശീലകളും വിരിക്കുകയും പൂക്കളും കത്തിച്ച തിരികളും വച്ച് അലങ്കരിക്കുകയും ചെയ്യും.. അള്‍ത്താരയിലെ ദൈവ സാന്നിധ്യത്തെ ഓര്‍മ്മിപ്പിക്കുന്ന വിളക്കുകള്‍ എല്ലാം തെളിയിക്കുന്നു.  തുറന്നിരിക്കുന്ന സക്രാരി അടച്ച് സൂക്ഷിക്കുന്നു.  തുടര്‍ന്ന് ആഘോഷമായ  ഉയിര്‍പ്പ് ദിവ്യബലി നടത്തുന്നു.  ദിവ്യബലിക്കിടെ പുത്തന്‍ വെള്ളം ആശീര്‍വദിക്കുന്ന ചടങ്ങ് നടത്തുന്നു, ഇതിനായി വലിയ പാത്രങ്ങളില്‍ വെള്ളം സംഭരിച്ചു വയ്ക്കുന്നു.  ഞാന്‍ ഭൂമിയുടെ ഉപ്പാണ് എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് പ്രധാന കാര്‍മ്മികന്‍ വെള്ളത്തില്‍ ഉപ്പ് നിക്ഷേപിക്കുന്നു.  തുടര്‍ന്ന് പാസ്ക്‌ തിരികൊണ്ട് മൂന്ന് വട്ടം ജലത്തില്‍ സ്പര്‍ശിക്കുന്നു.  ഈ ജലമാണ് ആശീര്‍വാദങ്ങള്‍ക്കും ജ്ഞാനസ്നാനത്തിനും ഉപയോഗിക്കുന്നത്.  തുടര്‍ന്ന് പുതുതായി ആശീര്‍വദിച്ച പുത്തന്‍വെള്ളം ജനങ്ങളുടെ മേല്‍ തളിക്കുന്നു. 

തുടര്‍ന്ന് ജ്ഞാനസ്നാന വ്രത നവീകരണമാണ്.  ജ്ഞാനസ്നാന വേളയില്‍ നമുക്ക് വേണ്ടി നമ്മുടെ ജ്ഞാനസ്നാന മാതാപിതാക്കള്‍ ഏറ്റുപറഞ്ഞ വ്രതപ്രതിജ്ഞ നാം ഏറ്റുപറയുന്ന ചടങ്ങാണിത്.

ദിവ്യബലിക്ക്‌ ശേഷം പ്രധാന കാര്‍മ്മികന്‍ സമാധാനം നിങ്ങളോട് കൂടെ എന്ന് പറഞ്ഞുകൊണ്ട് ഈസ്റ്റര്‍ ആശംസകള്‍ കൈമാറുന്നു.  ഒടുവിലായി  തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കുന്നതോടെ ഈസ്റ്റര്‍ ചടങ്ങുകള്‍ അവസാനിക്കുന്നു.  പള്ളി മണികള്‍ മുഴക്കുന്നു. 

Thursday, April 21, 2011

ദുഃഖവെള്ളി – ലത്തീന്‍ ആരാധനക്രമം പ്രകാരം നടക്കുന്ന ചടങ്ങുകള്‍


എല്ലാവര്ക്കും അറിയാവുന്ന പോലെ ക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവുമാണ് ഇന്നത്തെ ദിവസം അനുസ്മരിക്കുന്നത്.  ലത്തീന്‍ ആരാധനക്രമം പ്രകാരം ദുഃഖവെള്ളി ദിവസം വളരെ കുറച്ച് ചടങ്ങുകളെ ഒള്ളു. രാവിലെ മുതല്‍  കുരിശിന്റെ വഴി, പുത്തന്‍പാന എന്നിവ ചൊല്ലുന്ന ഒരു പതിവ്‌ ഉണ്ട്.  എങ്കിലും   ഉച്ചകഴിഞ്ഞാണ് പ്രധാന ചടങ്ങുകള്‍ ആരംഭിക്കുന്നത്.  എന്നാല്‍ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ യേശുവിന്റെ തിരുസ്വരൂപം പൊതുജനങ്ങള്‍ക്ക്‌ കാണുന്നതിന് അവസരം നല്‍കാറുണ്ട്.  വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ തിരുസ്വരൂപം പുറത്തു പ്രദര്‍ശിപ്പിക്കാറുള്ളത്.

അലങ്കാരമോ വിരിപ്പുകളോ ഇല്ലാത്ത അള്‍ത്താരയിലേക്ക് പ്രധാനകാര്മ്മികന്‍ സഹകാര്‍മ്മികരുടെ അകമ്പടിയോടെ കടന്നു വരുന്നു.  രക്തസാക്ഷിത്വത്തെയും വിജയത്തെയും സൂചിപ്പിക്കുന്ന ചുവപ്പ് തിരുവസ്ത്രങ്ങളാണ് ഇന്ന് ഇവരുടെ വേഷം.  ലത്തീന്‍ സഭാ പാരമ്പര്യമനുസരിച്ച് ദുഃഖവെള്ളിയും  വലിയ ശനിയും ദിവ്യബലി ഉണ്ടാവാറില്ല.

ദുഃഖവെള്ളിയിലെ ആദ്യ ചടങ്ങ് സുദീര്‍ഘമായ പീഡാനുഭവചരിത്രപാരായണമാണ്.  മുഖ്യ കാര്മ്മികനും സഹകാര്മ്മികരും ഒരുമിച്ചാണ് ഈ ഗ്രന്ഥപാരായണം പൂര്‍ത്തിയാക്കുന്നത്.  തുടര്‍ന്ന് വചനസന്ദേശം നല്‍കുന്നു.  ഓശാന ഞായര്‍ മുതല്‍ ധൂമ്ര നിറമുള്ള തുണി കൊണ്ട് മറച്ചു വച്ചിരിക്കുന്ന ക്രൂശിത രൂപം അനാശ്ചാദനം ചെയ്യുന്ന ചടങ്ങാണ് തുടര്‍ന്ന് നടക്കുന്നത്.  ദിവ്യബലി അനുവദനീയമല്ലാത്തത് കൊണ്ട് ദിവ്യബലി ഇല്ലാതെ ദിവ്യകാരുണ്യ സ്വീകരണം മാത്രം നടത്തുന്ന ചടങ്ങാണ് അടുത്തത്.  ഇത് കഴിയുന്നതോടെ യേശുവിന്റെ വലിയ തിരുസ്വരൂപം മഞ്ചലില്‍ കിടത്തി പള്ളിയിലേക്ക്‌ കൊണ്ടുവരുന്നു.  (ചില പള്ളികളില്‍ ഈ രൂപം കുരിശില്‍ നിന്ന് മഞ്ചലിലേക്ക് എടുക്കുന്ന അപൂര്‍വ്വ ചടങ്ങുകളും കണ്ടിട്ടുണ്ട് വീഡിയോ കാണുക)

തുടര്‍ന്ന് മൃതസംസ്കാര കര്‍മ്മങ്ങളാണ് നടക്കുന്നത്.  അതിന്റെ ആദ്യ പടിയായി നഗരി കാണിക്കല്‍ ചടങ്ങ് നടക്കുന്നു.   യേശുവിന്റെ തിരുസ്വരൂപം കിടത്തിയിരിക്കുന്ന മഞ്ചലും വഹിച്ച് നടത്തുന്ന പട്ടണപ്രദക്ഷിണമാണിത്.  വിശുദ്ധ വാരത്തില്‍ പള്ളി മണികള്‍ മുഴക്കാറില്ല.  പകരം മരമണികള്‍ ആണ് ഉപയോഗിക്കുന്നത്.  നഗരി കാണിക്കല്‍ കഴിഞ്ഞ് ഭക്തര്‍ക്ക്‌ തിരുസ്വരൂപം കാണാന്‍ അവസരം നല്‍കുന്നു.  തുടര്‍ന്ന് മൃതസംസ്കാര കര്‍മ്മങ്ങളുടെ അവസാനഭാഗമായ കബറടക്കം നടക്കുന്നു.  അതോടെ ദുഃഖവെള്ളി ദിനത്തിലെ ചടങ്ങുകള്‍ അവസാനിക്കുന്നു.  ഇതിനുശേഷം പെസഹാ ജാഗരമായിട്ടാണ് കണക്കുകൂട്ടുന്നത്, ആരാധനാചടങ്ങുകള്‍ ഒന്നും തന്നെ തുടര്‍ന്ന് നടക്കുന്നില്ല.


Wednesday, April 20, 2011

പെസഹാവ്യാഴം – ലത്തീന്‍ ആരാധനക്രമം പ്രകാരം നടക്കുന്ന ചടങ്ങുകള്‍പെസഹാ എന്ന വാക്കിന്റെ അര്‍ഥം കടന്നുപോകല്‍ എന്നാണ്.  ക്രൈസ്തവ സഭയുടെ പ്രധാനപ്പെട്ട തിരുനാളുകളില്‍ ഒന്നാണ് പെസഹാവ്യാഴം. പഴയ നിയമ പ്രകാരവും പുതിയ നിയമ പ്രകാരവും പെസഹായ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്.  ക്രിസ്തുവിന്റെ അന്ത്യഅത്താഴവും, പരിശുദ്ധ കുര്‍ബാനയുടെ സ്ഥാപനവും, പീഡാനുഭവങ്ങളുടെ ആരംഭവുമാണ് പെസഹാ തിരുനാള്‍ വഴി ക്രൈസ്തവ സഭ അനുസ്മരിക്കുന്നത്.  ലത്തീന്‍ ആരാധനക്രമം പ്രകാരം വൈകിട്ടാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്.

അമ്പത് നോമ്പ്‌ ദിവസങ്ങളില്‍ അള്‍ത്താരയില്‍ സഹനത്തിന്റെയും, ക്ഷമയുടെയും, വേദനയുടെയും സൂചകമായി വിരിക്കുന്ന ധൂമ്ര  (purple) വിരിപ്പുകള്‍ക്കും തിരശീലകള്‍ക്കും അലങ്കാരങ്ങള്‍ക്കും പകരം പെസഹാ  ദിവസം ആഘോഷസൂചകമായ വെള്ള/സുവര്‍ണ്ണ (white/golden) വിരിപ്പുകളും തിരശീലകളും അലങ്കാരങ്ങളുമാണ് ഉണ്ടാവുക.  വൈദികരുടെ തിരുവസ്ത്രങ്ങളും ആഘോഷസൂചകമായ വെള്ള/സുവര്‍ണ്ണ നിറങ്ങളില്‍ ഉള്ളതായിരിക്കും.  പുഷ്പാലങ്കൃതമായ അള്‍ത്താരയിലേക്ക് പ്രധാനകാര്‍മ്മികന്‍ സഹകാര്‍മികരോടും, യേശുവിന്റെ ശിഷ്യരെ പ്രതിനിധീകരിച്ച് പ്രത്യേകം തിരഞ്ഞെടുത്ത 12 ആളുകളോടുമൊപ്പം കടന്നുവരുന്നു.  തുടര്‍ന്ന് ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ചുകൊണ്ടുള്ള കുര്‍ബാന ആരംഭിക്കുന്നു.

കുര്‍ബാനമദ്ധ്യേ, പ്രധാനകാര്‍മ്മികന്‍, തിരഞ്ഞെടുത്ത 12 പേരുടെയും പാദങ്ങള്‍ കഴുകി ചുംബിക്കുന്നു.  അന്ത്യഅത്താഴത്തിന് മുന്‍പ്‌ യേശു, ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചുകൊണ്ട്  എളിമയുടെ മാതൃകകാട്ടിയതിനെ അനുസ്മരിച്ചുകൊണ്ടാണ് ഈ കര്‍മ്മങ്ങള്‍ നടത്തുന്നത്.

കുര്‍ബാന നല്‍കുന്ന ചടങ്ങിനു ശേഷം പരിശുദ്ധകുര്‍ബാന (തിരുവോസ്തി) അള്‍ത്താരയിലെ സക്രാരിയില്‍ നിന്നും പ്രത്യേകം സജ്ജമാക്കിയ മറ്റൊരു താല്‍ക്കാലിക സക്രാരിയിലേക്ക്‌ മാറ്റുന്നു.  യേശു അത്താഴത്തിനു ശേഷം ഗെത്സെമെനി തോട്ടത്തിലേക്ക് പോയി പ്രാര്‍ഥിച്ചതിനെ അനുസ്മരിക്കുന്ന ചടങ്ങാണിത്.  പ്രധാന കാര്‍മ്മികന്‍, തിരുവോസ്തി ഉള്‍ക്കൊള്ളുന്ന കുസ്തോദി, സഹകാര്‍മ്മികരുടെ അകമ്പടിയോടെ ആഘോഷപൂര്‍വ്വമായ ലഘു പ്രദക്ഷിണമായി, ദേവാലയത്തില്‍ അള്‍ത്താരയ്ക്ക് പുറത്ത്‌ പ്രത്യേകം തയ്യാറാക്കിയ മറ്റൊരു സക്രാരിയില്‍ സ്ഥാപിക്കുന്നു.  ഈ പ്രദക്ഷിണം അള്‍ത്താര വിടുന്നതോടെ അള്‍ത്താരയില്‍ ദൈവസാന്നിധ്യത്തെ ഓര്‍മ്മിപ്പിക്കുന്ന ദീപങ്ങള്‍ അണയ്ക്കുന്നു.  അള്‍ത്താരയിലെ എല്ലാ അലങ്കാരങ്ങളും വിരിപ്പുകളും തിരശീലകളും വിളക്കുകളും മാറ്റുന്നു.  സക്രാരി തുറന്നിടുന്നു. ഈസ്റ്റര്‍ രാവ്‌ വരെ അള്‍ത്താര, വിരിപ്പുകളും, തിരശീലയും, അലങ്കാരങ്ങളും ഇല്ലാതെ സൂക്ഷിക്കും.

തിരുവോസ്തി താല്‍കാലിക സക്രാരിയില്‍ വയ്ക്കുന്നതോടെ പെസഹാജാഗരണം ആരംഭിക്കുന്നു.  തുടര്‍ന്ന് പ്രാര്‍ത്ഥനകളും ആരാധനയുമായി തുടരുന്നു.  ചില ദേവാലയങ്ങളില്‍ 12 മണി വരെയും, ചിലയിടങ്ങളില്‍ രാത്രി മുഴുവനും ആരാധന തുടരുന്നു.

പെസഹായുടെ മറ്റൊരു പ്രധാന ചടങ്ങ് ക്രൈസ്തവ ഭവനങ്ങളിലാണ്.  അന്നേ ദിവസം ഉണ്ടാക്കിയ പെസഹാ അപ്പം കഴിക്കുന്ന ചടങ്ങാണത്.  പള്ളിയിലെ ചടങ്ങുകള്‍ക്ക്‌ ശേഷം വീട്ടിലെത്തി കുടുംബാംഗങ്ങള്‍ ഒന്നിച്ചാണ് പെസഹാ അപ്പം കഴിക്കുന്നത്. കഴിക്കുന്നതിനു മുന്‍പ് തന്‍റെ അയല്‍കുടുംബങ്ങളില്‍ പെസഹാ അപ്പം ഉണ്ടാക്കാന്‍ സാധിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള പങ്ക് ആദ്യമേ നല്‍കിയിരിക്കണം.  ഗൃഹനാഥന്‍ അപ്പം മുറിച്ച് കുടുംബാംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതോടെ പെസഹാ ചടങ്ങുകള്‍ അവസാനിക്കുന്നു.