സഭാ പാരമ്പര്യമനുസരിച്ച് വലിയ ശനി ദിവസം പകല്‍ ആരാധനാക്രമവുമായി ബന്ധപ്പെട്ട് ഒരു ചടങ്ങും ഉണ്ടാവാറില്ല. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ പെസഹാജാഗരണത്തിന്റെ തുടര്‍ച്ചയും തുടര്‍ന്ന് പാതിരാ കുര്‍ബാനയും നടത്തപ്പെടുന്നു. ഈസ്റ്റര്‍ ഒരു വിധത്തില്‍ സഭയുടെ വര്‍ഷാരംഭമാണ്. അതുകൊണ്ട് തന്നെ പെസഹാ ജാഗരത്തിന്റെ ഈ അവസാനമണിക്കൂറുകള്‍ പ്രത്യേകമായ ചടങ്ങുകള്‍ കൊണ്ട് സമ്പന്നവുമാണ്.. ആ ചടങ്ങുകളിലേക്ക്...
![]() |
പാസ്ക് ആണികള്‍ |
ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ആരംഭമായ പെസഹാ രാവ് മുതല്‍ ഉയിര്‍പ്പ് രാവ് വരെ സഭ പെസഹാ ജാഗരം അനുഷ്ടിക്കുന്നു. അതിന്റെ അവസാന മണിക്കൂറുകളായ വലിയ ശനി രാവില്‍ പ്രത്യേകമായ ചടങ്ങുകള്‍ നടക്കുന്നു. ഏറ്റവും ആദ്യം പുതിയ അഗ്നി ആശീര്‍വദിക്കുന്ന ചടങ്ങാണ്. ദേവാലയത്തിലെ എല്ലാ വെളിച്ചവും അണച്ചശേഷമാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ആഘോഷ സൂചകമായ വെള്ള/സുവര്‍ണ്ണ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രധാന കാര്മ്മികന് സഹകാര്‍മ്മികരോടൊപ്പം ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ എത്തുന്നു. ഈ സമയം ജനങ്ങള്‍ ദേവാലയത്തിനു വെളിയിലായിരിക്കും. തുടര്‍ന്ന് പ്രാര്‍ഥനകള്‍ക്ക് ശേഷം പുതിയ വര്‍ഷത്തേക്കുള്ള പാസ്ക് തിരി (paschal candle) ആശീര്‍വദിക്കുന്നു. പാസ്ക് തിരി സഭയുടെ ആരാധനക്രമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. യേശുവിന്റെ സാന്നിധ്യമാണ് പാസ്ക് തിരിയിലെ അഗ്നി വഴി ഓര്‍മ്മിപ്പിക്കപ്പെടുന്നത്. മാമോദീസ, സ്ഥൈര്യലേപനം, കുമ്പസാരം, തിരുപ്പട്ടം, വിവാഹം തുടങ്ങിയ പ്രധാനപ്പെട്ട കൂദാശകളില്‍ പാസ്ക് തിരിയുടെ സാന്നിധ്യമുണ്ടായിരിക്കണം. പാസ്ക് തിരിയില്‍ ഒരു കുരിശ് വരച്ച് അതിന്റെ നാല് ഭാഗങ്ങളില്‍ നടപ്പു വര്‍ഷവും കുരിശിനു മുകളിലും താഴെയുമായി ഗ്രീക്ക് അക്ഷരമാലയിലെ ആല്‍ഫ, ഒമേഗ എന്നീ അക്ഷരങ്ങളും രേഖപ്പെടുത്തിയിരിക്കും. ദൈവത്തിന്റെതാണ് കാലങ്ങളും യുഗങ്ങളും അവിടുന്നാണ് ആല്ഫായും (ആദി) ഒമേഗയും (അന്ത്യം) എന്നാണ് ഈ എഴുത്തിന്റെ അര്‍ഥം. (ചിത്രം കാണുക) തുടര്‍ന്ന് കുരിശിന്റെ നാല് അഗ്രങ്ങളിലും നടുവിലുമായി സുഗന്ധദ്രവ്യങ്ങള്‍ (കുന്തിരിക്കം പോലുള്ള) നിറച്ച പാസ്ക് ആണികള്‍ കുത്തിനിര്‍ത്തുന്നു. ക്രിസ്തുവിന്റെ അഞ്ചു തിരുമുറിവുകളെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്. തുടര്‍ന്ന് വൈദികന് തീക്കനലുകളില്‍ ഊതി പുതിയ അഗ്നിയെടുക്കുന്നു. ആ അഗ്നി ആശീര്‍വദിച്ച് പാസ്ക് തിരിയിലെക്ക് പകരുന്നു. തുടര്‍ന്ന് ജനങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കൈത്തിരികളിലേക്ക് ഈ അഗ്നി പകരുന്നു പാസ്ക് തിരിയുമായി പ്രധാന വൈദികന് അള്‍ത്താരയിലേക്ക് നടക്കുന്നു. ജനങ്ങള്‍ ദേവാലയത്തിനകത്തേക്ക് പ്രവേശിക്കുന്നു..
![]() |
2008 ലെ ഒരു പാസ്കല്‍ തിരി |
അള്‍ത്താരയിലേക്കുള്ള യാത്രയില്‍ പ്രധാന കാര്മ്മികന് മൂന്ന് വട്ടം നിന്ന് “ക്രിസ്തുവിന് പ്രകാശം” എന്നുച്ചരിക്കുന്നു. ജനങ്ങള്‍ “ദൈവത്തിനു സ്തോത്രം” എന്ന് പ്രത്യുചരിക്കുന്നു. ഇത് മൂന്ന് വട്ടം ആവര്‍ത്തിക്കുന്നു.. അലങ്കാരങ്ങളോ വിരിപ്പുകളോ ഇല്ലാത്ത അള്‍ത്താരയില്‍ വൈദികര്‍ പാസ്ക് തിരിയുമായി എത്തുന്നതോടെ ദേവാലയത്തിലെ എല്ലാ ദീപങ്ങളും തെളിയിക്കുന്നു.
ഇതിനു ശേഷം പ്രത്യേകമായ പ്രാര്‍ഥനാ സങ്കീര്‍ത്തനം ആലപിക്കുന്നു. തുടര്‍ന്ന് പാതിരാ കുര്‍ബാന ആരംഭിക്കുന്നു. സാധാരണയില്‍ നിന്ന് വിഭിന്നമായി പാതിരാ കുര്‍ബാനയ്ക്കിടെ തുടര്‍ച്ചയായ സുദീര്‍ഘമായ ബൈബിള്‍ വായന നടത്തുന്നു. പന്ത്രണ്ടു മണിയോടെ ക്രിസ്തുവിന്റെ ഉയര്പ്പിനെ അനുസ്മരിച്ചുകൊണ്ട് ഗ്ലോറിയ പാടുന്നു. പള്ളിമണികളും ചെറുമണികളും മുഴക്കുന്നു. (വിശുദ്ധ വാരത്തിനു ശേഷം ആദ്യമായി ഇപ്പോഴാണ് പള്ളിമണികള്‍ മുഴക്കുന്നത്) ആരാധനക്രമത്തിന്റെ ഭാഗമല്ലെങ്കിലും ഈ സമയം ക്രിസ്തുവിന്റെ ഉയര്പ്പിന്റെ ദൃശ്യാവിഷ്കാരം നടത്തുന്നു. ഗ്ലോറിയ പാടിത്തീര്‍ക്കുന്ന സമയം കൊണ്ട് അള്‍ത്താരയില്‍ പുത്തന്‍ വിരിപ്പുകളും തിരശീലകളും വിരിക്കുകയും പൂക്കളും കത്തിച്ച തിരികളും വച്ച് അലങ്കരിക്കുകയും ചെയ്യും.. അള്‍ത്താരയിലെ ദൈവ സാന്നിധ്യത്തെ ഓര്‍മ്മിപ്പിക്കുന്ന വിളക്കുകള്‍ എല്ലാം തെളിയിക്കുന്നു. തുറന്നിരിക്കുന്ന സക്രാരി അടച്ച് സൂക്ഷിക്കുന്നു. തുടര്‍ന്ന് ആഘോഷമായ ഉയിര്‍പ്പ് ദിവ്യബലി നടത്തുന്നു.
ദിവ്യബലിക്ക് ശേഷം പ്രധാന കാര്മ്മികന് സമാധാനം നിങ്ങളോട് കൂടെ എന്ന് പറഞ്ഞുകൊണ്ട് ഈസ്റ്റര്‍ ആശംസകള്‍ കൈമാറുന്നു. ഒടുവിലായി തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കുന്നതോടെ ഈസ്റ്റര്‍ ചടങ്ങുകള്‍ അവസാനിക്കുന്നു. പള്ളി മണികള്‍ മുഴക്കുന്നു.
ദിവ്യബലിക്കിടെ പുത്തന്‍ വെള്ളം ആശീര്‍വദിക്കുന്ന ചടങ്ങ് നടത്തുന്നു, ഇതിനായി വലിയ പാത്രങ്ങളില്‍ വെള്ളം സംഭരിച്ചു വയ്ക്കുന്നു. ഞാന്‍ ഭൂമിയുടെ ഉപ്പാണ് എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് പ്രധാന കാര്മ്മികന് വെള്ളത്തില്‍ ഉപ്പ് നിക്ഷേപിക്കുന്നു. തുടര്‍ന്ന് പാസ്ക് തിരികൊണ്ട് മൂന്ന് വട്ടം ജലത്തില്‍ സ്പര്‍ശിക്കുന്നു. ഈ ജലമാണ് ആശീര്‍വാദങ്ങള്‍ക്കും ജ്ഞാനസ്നാനത്തിനും ഉപയോഗിക്കുന്നത്. തുടര്‍ന്ന് പുതുതായി ആശീര്‍വദിച്ച പുത്തന്‍വെള്ളം ജനങ്ങളുടെ മേല്‍ തളിക്കുന്നു.
തുടര്‍ന്ന് ജ്ഞാനസ്നാന വ്രത നവീകരണമാണ്. ജ്ഞാനസ്നാന വേളയില്‍ നമുക്ക് വേണ്ടി നമ്മുടെ ജ്ഞാനസ്നാന മാതാപിതാക്കള്‍ ഏറ്റുപറഞ്ഞ വ്രതപ്രതിജ്ഞ നാം ഏറ്റുപറയുന്ന ചടങ്ങാണിത്.
ദിവ്യബലിക്ക് ശേഷം പ്രധാന കാര്മ്മികന് സമാധാനം നിങ്ങളോട് കൂടെ എന്ന് പറഞ്ഞുകൊണ്ട് ഈസ്റ്റര്‍ ആശംസകള്‍ കൈമാറുന്നു. ഒടുവിലായി തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കുന്നതോടെ ഈസ്റ്റര്‍ ചടങ്ങുകള്‍ അവസാനിക്കുന്നു. പള്ളി മണികള്‍ മുഴക്കുന്നു.