Sunday, April 8, 2012

പെസഹാ പ്രഭണിതം

ലത്തീന്‍ റീത്തില്‍ വലിയശനിയാഴ്ച രാത്രി പെസഹാജാഗരണത്തിനിടെ ആലപിക്കുന്ന മനോഹരമായ ഒരു സങ്കീര്‍ത്തനമാണ് പെസഹ പ്രഭണിതം എന്ന പേരില്‍ അറിയപ്പെടുന്നത്.   പുതുതായി സൃഷ്ടിക്കുന്ന അഗ്നിയില്‍ നിന്ന് വിശ്വാസികളുടെ കൈത്തിരികള്‍ തെളിച്ച് ആലപിക്കുന്ന ഈ ഗാനത്തിലൂടെ ക്രിസ്തുവിന്റെ മരണത്തെ പ്രഖ്യാപിച്ച് ഉയിര്‍പ്പിനെ കാത്തിരിക്കുന്ന തിരുസഭയെയാണ് അനുസ്മരിക്കുന്നത്. http://sankeerthi.blogspot.com

ക്രിസ്തുവില്‍ പ്രകാശം 
ദൈവത്തിനു സ്തോത്രം

*****

ദൈവദൂതരാര്‍ത്തുല്ലസിക്കട്ടെ 
ആനന്ദത്തിര ആഞ്ഞുയരട്ടെ
മോദം തിങ്ങിന ദിവ്യകര്‍മ്മങ്ങള്‍
കാന്തികന്ദളം മന്നിനേകട്ടെ 

ദിവ്യമഹോന്നത കാഹളമോടെ 
എങ്ങും വിജയം വിളംബരം ചെയ്ത്   
വിണ്ണവര്‍ രാജന്റെ ഭേരിയുയര്‍ന്ന്‍ 
മന്നിനു രക്ഷയുറപ്പായിടട്ടെ 
http://sankeerthi.blogspot.com 
ഇത്ര സമൃദ്ധമാം കാന്തിസരിത്തില്‍
നീന്തി നീ സന്തുഷ്ടയാവുക ഭൂമി 
നിത്യനാം ഭൂപന്റെ തേജസു ചിന്തി
ഭാസുരഭംഗി കലര്‍ന്നു നീ മിന്നി

ഭൂമിയെ ചൂഴ്ന്നിടും കൂരിരുളാകെ 
മാഞ്ഞുപോയ് ദീപ്തിയാലൊന്നൊഴിയാതെ 
ഇമ്മഹാദീപത്തിന്‍ മഞ്ജു നിലാവില്‍ 
സമ്മോദം കൊള്‍ക സംഭാംബികമേല്മേല്‍ 
http://sankeerthi.blogspot.com 
അന്ധകാരത്തിന്നിരുള്‍ മറ നീങ്ങി 
പൊല്‍പ്രഭ ഭാസുര ദീപ്തി പൊഴിക്കെ 
ദിവ്യ സഭാംഭിക ഹര്‍ഷാരവത്താല്‍ 
ആഹ്ലാദതുന്ദിലയാകട്ടെ മേല്മേല്‍ 

*****

പുരോഹിതന്‍ :  കര്‍ത്താവ്‌ നിങ്ങളോടു കൂടെ..

ജനങ്ങള്‍ :  അങ്ങയോടും കൂടെ 

പുരോഹിതന്‍ :  ഹൃദയം കര്‍ത്താവിങ്കലേക്കുയര്‍ത്തുവിന്‍ 

ജനങ്ങള്‍ :  ഇതാ ഞങ്ങളുയര്‍ത്തിയിരിക്കുന്നു 

പുരോഹിതന്‍ :  നമ്മുടെ കര്‍ത്താവിനു നന്ദി പ്രകാശിപ്പിക്കാം
http://sankeerthi.blogspot.com
ജനങ്ങള്‍ :   അതുചിതവും ന്യായവുമത്രേ 

*****

ശക്തനദൃശ്യന്‍ ദൈവവുമാം 
നിത്യപിതാവിനുമവിടുത്തെ 
പൊന്‍സുതനേശു ക്രിസ്തുവിനും
നിത്യനമസ്കൃതി ചെയ്യുക നാം 

ഹൃദയം നിറയുമൊരിമ്പമൊടും
അകതളിരില്‍ നല്‍ സ്നേഹമൊടും
മധുരവചസ്സാല്‍ വാഴ്ത്തിടുക 
ഉചിതവുമപ്പോള്‍ യുക്തവുമാം 

ആദത്തിന്‍ പിഴ കാരണമായ്‌ 
മര്‍ത്ത്യനു വന്ന കടം വീട്ടി 
ക്രിസ്തു നമുക്കായ് തന്‍ രക്തം 
ചിന്തിയൊഴിച്ചാ ശിക്ഷകളും 

അവിടത്തെ തിരു രക്തത്താല്‍ 
വിശ്വാസികളുടെ വീടുകളെ 
ശുദ്ധീകരണം ചെയ്യുന്ന
നല്‍പെസഹാ തിരുനാളിതുതാന്‍

പൂര്‍വ്വന്മാരാമിസ്രായേല്‍ 
മക്കളെ വിടുവിച്ചീജിപ്തില്‍ 
അടിമത്തം വിട്ടെഴുന്നേല്‍ക്കാന്‍
കഴിവോരാക്കിയ രാത്രിയുമേ 

കാല്‍ നനയാതങ്ങവരെല്ലാം 
ചെങ്കടല്‍ തരണം ചെയ്തീടാന്‍ 
കാരണമാക്കിയ രാവിതുതാന്‍ 
മഞ്ജുള കാന്തിയെഴുന്നതുമേ 

പാപത്തിമിരം ദുര്‍ഗുണവും
ക്രിസ്തീയരില്‍ നിന്നൊഴിവാക്കി 
ദൈവവരാര്‍പ്പണമേകുകയും
ശുദ്ധിയുമായ്‌ ബന്ധിക്കുകയും 

തീത്തൂണിന്നുടെ ദീപ്തിയിനാല്‍ 
പാപക്കൂരിരുള്‍ നീക്കുകയും 
ചെയ്തൊരു മുക്തമഹോന്നതമാം 
രാത്രമതാണീ വേളയിതും 

മൃത്യുവതിന്റെ വിലങ്ങുകളെ 
തച്ചു തകര്‍ത്തു പരമ്പൊരുളാം 
ക്രിസ്തുവുയിര്‍ത്തൊരു രാത്രിയിതേ 
നിസ്തുലമോഹനമായതു താന്‍

*****

രക്ഷയിതില്ലായിരുന്നുവെങ്കില്‍ 
നിഷ്ഫലമായേനെ ജന്മം പോലും
ഞങ്ങളോടുള്ള വാല്‍സല്യമോര്‍ത്താല്‍
വര്‍ണ്ണനാതീതസമുദ്രതുല്യം

എത്രയുയര്‍ന്ന കൃപാതിരേകം 
ഭാവനാതീതമാം സ്നേഹശീലം
നീചനാമേഴയേ വീണ്ടുകൊള്‍വാന്‍ 
സൂനുവെയങ്ങു ബലി കഴിച്ചു

ക്രിസ്തുവിന്‍ മൃത്യുവാല്‍ ഭഗ്നമായി 
ആദത്തിന്‍ പാപങ്ങളാകമാനം
രക്ഷകന്‍ ഭൂവില്‍ പിറക്കുവാനായ്‌
ആവശ്യമായ്‌ വന്ന പാപമപ്പോള്‍ 

ആകയാല്‍ രക്ഷനാഗമിക്കാന്‍ 
ഹേതുവാപ്പാപമേ ഭാഗ്യപൂര്‍ണ്ണം
ഈരാവിന്‍ ശുദ്ധി അധര്‍മ്മമെല്ലാം 
നേരായിത്തന്നെ തുരത്തിടുന്നു

പാപം കഴുകിക്കളഞ്ഞിടുന്നു
കേഴുവോര്‍ക്കാശ്വാസമേകിടുന്നു 
ദുഷ്ടരെ നിര്‍മ്മലരാക്കിടുന്നു
ഭൂസ്വര്‍ഗ്ഗമേളന വേളയിതേ 
http://sankeerthi.blogspot.com
മര്‍ത്ത്യന്‍ ദൈവത്തിങ്കലൊന്നു ചേരും
മുഗ്ദ്ധനിശയുമിതൊന്നുതന്നെ 
തിരുസഭയീരാവില്‍ നന്ദിപൂര്‍വ്വം 
തിരുമുമ്പില്‍ കാഴ്ചയണച്ചിടുന്നു

മഹിതമീ സായാഹ്നദീപയജ്ഞം 
കരുണയാല്‍ സ്വീകരിക്കേണമേ നീ
പരമവിശുദ്ധനാം സ്വര്‍ഗ്ഗതാതാ 
അരുളണെയാശിസ്സനുഗ്രഹങ്ങള്‍ 

മലരില്‍ നിന്നീച്ചകള്‍ ശേഖരിച്ച 
മെഴുകിതാ നല്‍കുന്നു ചേവടിയില്‍ 
സഭയിലെ വൈദികരാലെയേറ്റം 
വഴിപോല്‍ വിശിഷ്ടനിവേദ്യമായി 

*****

http://sankeerthi.blogspot.com
അതിനാലെ കര്‍ത്താവേ പ്രാര്‍ഥിപ്പൂ 
ഞങ്ങള്‍ അവിടുത്തേ നാമമഹത്വത്തിനായ്‌ 
ശുദ്ധീകരിച്ചു തെളിച്ചൊരീ കൈത്തിരി 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 

നറുമണം പാറുന്ന യാഗമായിന്നിതു
കരുതി നീ കൈക്കൊള്ളാന്‍ കനിയണമേ
അനുവദിക്കേണമാദ്യോവിന്‍ വിളക്കുമായ്‌
മിളിതമാവാനിതിന്‍ കാന്തിയൊന്നായ്‌

അതിനാലെ കര്‍ത്താവേ പ്രാര്‍ഥിപ്പൂ 
ഞങ്ങള്‍ അവിടുത്തേ നാമമഹത്വത്തിനായ്‌ 
ശുദ്ധീകരിച്ചു തെളിച്ചൊരീ കൈത്തിരി 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 

ഇത് മഹിതോജ്ജ്വല ശോഭചൊരിയട്ടെ
പുലര്‍താരമായതും കണ്ടിടട്ടെ
പാതാളത്തീന്നും മടങ്ങിയസ്താചലം
കാണാതെ മാനവവംശത്തിന്മേല്‍

അതിനാലെ കര്‍ത്താവേ പ്രാര്‍ഥിപ്പൂ 
ഞങ്ങള്‍ അവിടുത്തേ നാമമഹത്വത്തിനായ്‌ 
ശുദ്ധീകരിച്ചു തെളിച്ചൊരീ കൈത്തിരി 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 
http://sankeerthi.blogspot.com
അക്ഷയജ്യോതിസ്സായ് ശോഭിക്കും നക്ഷത്രം
നിന്പ്രിയ പുത്രനാം ക്രിസ്തുനാഥന്‍
എന്നും ജീവിക്കയും വാഴ്കയും ചെയ്യട്ടെ
മണ്ണിലും വിണ്ണിലും ദീപ്തിപൂര്‍വ്വം

അതിനാലെ കര്‍ത്താവേ പ്രാര്‍ഥിപ്പൂ 
ഞങ്ങള്‍ അവിടുത്തേ നാമമഹത്വത്തിനായ്‌ 
ശുദ്ധീകരിച്ചു തെളിച്ചൊരീ കൈത്തിരി 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 


1 comment: