Sunday, April 8, 2012

പെസഹാ പ്രഭണിതം

ലത്തീന്‍ റീത്തില്‍ വലിയശനിയാഴ്ച രാത്രി പെസഹാജാഗരണത്തിനിടെ ആലപിക്കുന്ന മനോഹരമായ ഒരു സങ്കീര്‍ത്തനമാണ് പെസഹ പ്രഭണിതം എന്ന പേരില്‍ അറിയപ്പെടുന്നത്.   പുതുതായി സൃഷ്ടിക്കുന്ന അഗ്നിയില്‍ നിന്ന് വിശ്വാസികളുടെ കൈത്തിരികള്‍ തെളിച്ച് ആലപിക്കുന്ന ഈ ഗാനത്തിലൂടെ ക്രിസ്തുവിന്റെ മരണത്തെ പ്രഖ്യാപിച്ച് ഉയിര്‍പ്പിനെ കാത്തിരിക്കുന്ന തിരുസഭയെയാണ് അനുസ്മരിക്കുന്നത്. http://sankeerthi.blogspot.com

ക്രിസ്തുവില്‍ പ്രകാശം 
ദൈവത്തിനു സ്തോത്രം

*****

ദൈവദൂതരാര്‍ത്തുല്ലസിക്കട്ടെ 
ആനന്ദത്തിര ആഞ്ഞുയരട്ടെ
മോദം തിങ്ങിന ദിവ്യകര്‍മ്മങ്ങള്‍
കാന്തികന്ദളം മന്നിനേകട്ടെ 

ദിവ്യമഹോന്നത കാഹളമോടെ 
എങ്ങും വിജയം വിളംബരം ചെയ്ത്   
വിണ്ണവര്‍ രാജന്റെ ഭേരിയുയര്‍ന്ന്‍ 
മന്നിനു രക്ഷയുറപ്പായിടട്ടെ 
http://sankeerthi.blogspot.com 
ഇത്ര സമൃദ്ധമാം കാന്തിസരിത്തില്‍
നീന്തി നീ സന്തുഷ്ടയാവുക ഭൂമി 
നിത്യനാം ഭൂപന്റെ തേജസു ചിന്തി
ഭാസുരഭംഗി കലര്‍ന്നു നീ മിന്നി

ഭൂമിയെ ചൂഴ്ന്നിടും കൂരിരുളാകെ 
മാഞ്ഞുപോയ് ദീപ്തിയാലൊന്നൊഴിയാതെ 
ഇമ്മഹാദീപത്തിന്‍ മഞ്ജു നിലാവില്‍ 
സമ്മോദം കൊള്‍ക സംഭാംബികമേല്മേല്‍ 
http://sankeerthi.blogspot.com 
അന്ധകാരത്തിന്നിരുള്‍ മറ നീങ്ങി 
പൊല്‍പ്രഭ ഭാസുര ദീപ്തി പൊഴിക്കെ 
ദിവ്യ സഭാംഭിക ഹര്‍ഷാരവത്താല്‍ 
ആഹ്ലാദതുന്ദിലയാകട്ടെ മേല്മേല്‍ 

*****

പുരോഹിതന്‍ :  കര്‍ത്താവ്‌ നിങ്ങളോടു കൂടെ..

ജനങ്ങള്‍ :  അങ്ങയോടും കൂടെ 

പുരോഹിതന്‍ :  ഹൃദയം കര്‍ത്താവിങ്കലേക്കുയര്‍ത്തുവിന്‍ 

ജനങ്ങള്‍ :  ഇതാ ഞങ്ങളുയര്‍ത്തിയിരിക്കുന്നു 

പുരോഹിതന്‍ :  നമ്മുടെ കര്‍ത്താവിനു നന്ദി പ്രകാശിപ്പിക്കാം
http://sankeerthi.blogspot.com
ജനങ്ങള്‍ :   അതുചിതവും ന്യായവുമത്രേ 

*****

ശക്തനദൃശ്യന്‍ ദൈവവുമാം 
നിത്യപിതാവിനുമവിടുത്തെ 
പൊന്‍സുതനേശു ക്രിസ്തുവിനും
നിത്യനമസ്കൃതി ചെയ്യുക നാം 

ഹൃദയം നിറയുമൊരിമ്പമൊടും
അകതളിരില്‍ നല്‍ സ്നേഹമൊടും
മധുരവചസ്സാല്‍ വാഴ്ത്തിടുക 
ഉചിതവുമപ്പോള്‍ യുക്തവുമാം 

ആദത്തിന്‍ പിഴ കാരണമായ്‌ 
മര്‍ത്ത്യനു വന്ന കടം വീട്ടി 
ക്രിസ്തു നമുക്കായ് തന്‍ രക്തം 
ചിന്തിയൊഴിച്ചാ ശിക്ഷകളും 

അവിടത്തെ തിരു രക്തത്താല്‍ 
വിശ്വാസികളുടെ വീടുകളെ 
ശുദ്ധീകരണം ചെയ്യുന്ന
നല്‍പെസഹാ തിരുനാളിതുതാന്‍

പൂര്‍വ്വന്മാരാമിസ്രായേല്‍ 
മക്കളെ വിടുവിച്ചീജിപ്തില്‍ 
അടിമത്തം വിട്ടെഴുന്നേല്‍ക്കാന്‍
കഴിവോരാക്കിയ രാത്രിയുമേ 

കാല്‍ നനയാതങ്ങവരെല്ലാം 
ചെങ്കടല്‍ തരണം ചെയ്തീടാന്‍ 
കാരണമാക്കിയ രാവിതുതാന്‍ 
മഞ്ജുള കാന്തിയെഴുന്നതുമേ 

പാപത്തിമിരം ദുര്‍ഗുണവും
ക്രിസ്തീയരില്‍ നിന്നൊഴിവാക്കി 
ദൈവവരാര്‍പ്പണമേകുകയും
ശുദ്ധിയുമായ്‌ ബന്ധിക്കുകയും 

തീത്തൂണിന്നുടെ ദീപ്തിയിനാല്‍ 
പാപക്കൂരിരുള്‍ നീക്കുകയും 
ചെയ്തൊരു മുക്തമഹോന്നതമാം 
രാത്രമതാണീ വേളയിതും 

മൃത്യുവതിന്റെ വിലങ്ങുകളെ 
തച്ചു തകര്‍ത്തു പരമ്പൊരുളാം 
ക്രിസ്തുവുയിര്‍ത്തൊരു രാത്രിയിതേ 
നിസ്തുലമോഹനമായതു താന്‍

*****

രക്ഷയിതില്ലായിരുന്നുവെങ്കില്‍ 
നിഷ്ഫലമായേനെ ജന്മം പോലും
ഞങ്ങളോടുള്ള വാല്‍സല്യമോര്‍ത്താല്‍
വര്‍ണ്ണനാതീതസമുദ്രതുല്യം

എത്രയുയര്‍ന്ന കൃപാതിരേകം 
ഭാവനാതീതമാം സ്നേഹശീലം
നീചനാമേഴയേ വീണ്ടുകൊള്‍വാന്‍ 
സൂനുവെയങ്ങു ബലി കഴിച്ചു

ക്രിസ്തുവിന്‍ മൃത്യുവാല്‍ ഭഗ്നമായി 
ആദത്തിന്‍ പാപങ്ങളാകമാനം
രക്ഷകന്‍ ഭൂവില്‍ പിറക്കുവാനായ്‌
ആവശ്യമായ്‌ വന്ന പാപമപ്പോള്‍ 

ആകയാല്‍ രക്ഷനാഗമിക്കാന്‍ 
ഹേതുവാപ്പാപമേ ഭാഗ്യപൂര്‍ണ്ണം
ഈരാവിന്‍ ശുദ്ധി അധര്‍മ്മമെല്ലാം 
നേരായിത്തന്നെ തുരത്തിടുന്നു

പാപം കഴുകിക്കളഞ്ഞിടുന്നു
കേഴുവോര്‍ക്കാശ്വാസമേകിടുന്നു 
ദുഷ്ടരെ നിര്‍മ്മലരാക്കിടുന്നു
ഭൂസ്വര്‍ഗ്ഗമേളന വേളയിതേ 
http://sankeerthi.blogspot.com
മര്‍ത്ത്യന്‍ ദൈവത്തിങ്കലൊന്നു ചേരും
മുഗ്ദ്ധനിശയുമിതൊന്നുതന്നെ 
തിരുസഭയീരാവില്‍ നന്ദിപൂര്‍വ്വം 
തിരുമുമ്പില്‍ കാഴ്ചയണച്ചിടുന്നു

മഹിതമീ സായാഹ്നദീപയജ്ഞം 
കരുണയാല്‍ സ്വീകരിക്കേണമേ നീ
പരമവിശുദ്ധനാം സ്വര്‍ഗ്ഗതാതാ 
അരുളണെയാശിസ്സനുഗ്രഹങ്ങള്‍ 

മലരില്‍ നിന്നീച്ചകള്‍ ശേഖരിച്ച 
മെഴുകിതാ നല്‍കുന്നു ചേവടിയില്‍ 
സഭയിലെ വൈദികരാലെയേറ്റം 
വഴിപോല്‍ വിശിഷ്ടനിവേദ്യമായി 

*****

http://sankeerthi.blogspot.com
അതിനാലെ കര്‍ത്താവേ പ്രാര്‍ഥിപ്പൂ 
ഞങ്ങള്‍ അവിടുത്തേ നാമമഹത്വത്തിനായ്‌ 
ശുദ്ധീകരിച്ചു തെളിച്ചൊരീ കൈത്തിരി 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 

നറുമണം പാറുന്ന യാഗമായിന്നിതു
കരുതി നീ കൈക്കൊള്ളാന്‍ കനിയണമേ
അനുവദിക്കേണമാദ്യോവിന്‍ വിളക്കുമായ്‌
മിളിതമാവാനിതിന്‍ കാന്തിയൊന്നായ്‌

അതിനാലെ കര്‍ത്താവേ പ്രാര്‍ഥിപ്പൂ 
ഞങ്ങള്‍ അവിടുത്തേ നാമമഹത്വത്തിനായ്‌ 
ശുദ്ധീകരിച്ചു തെളിച്ചൊരീ കൈത്തിരി 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 

ഇത് മഹിതോജ്ജ്വല ശോഭചൊരിയട്ടെ
പുലര്‍താരമായതും കണ്ടിടട്ടെ
പാതാളത്തീന്നും മടങ്ങിയസ്താചലം
കാണാതെ മാനവവംശത്തിന്മേല്‍

അതിനാലെ കര്‍ത്താവേ പ്രാര്‍ഥിപ്പൂ 
ഞങ്ങള്‍ അവിടുത്തേ നാമമഹത്വത്തിനായ്‌ 
ശുദ്ധീകരിച്ചു തെളിച്ചൊരീ കൈത്തിരി 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 
http://sankeerthi.blogspot.com
അക്ഷയജ്യോതിസ്സായ് ശോഭിക്കും നക്ഷത്രം
നിന്പ്രിയ പുത്രനാം ക്രിസ്തുനാഥന്‍
എന്നും ജീവിക്കയും വാഴ്കയും ചെയ്യട്ടെ
മണ്ണിലും വിണ്ണിലും ദീപ്തിപൂര്‍വ്വം

അതിനാലെ കര്‍ത്താവേ പ്രാര്‍ഥിപ്പൂ 
ഞങ്ങള്‍ അവിടുത്തേ നാമമഹത്വത്തിനായ്‌ 
ശുദ്ധീകരിച്ചു തെളിച്ചൊരീ കൈത്തിരി 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 
മങ്ങാതെ കൂരിരുള്‍ നീക്കിടട്ടെ 


Saturday, April 23, 2011

വലിയശനി / ഉയിര്‍പ്പ് ഞായര്‍ - ലത്തീന്‍ ആരാധനക്രമമനുസരിച്ച് നടക്കുന്ന ചടങ്ങുകള്‍.


സഭാ പാരമ്പര്യമനുസരിച്ച് വലിയ ശനി ദിവസം പകല്‍ ആരാധനാക്രമവുമായി ബന്ധപ്പെട്ട് ഒരു ചടങ്ങും ഉണ്ടാവാറില്ല.  ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ പെസഹാജാഗരണത്തിന്റെ തുടര്‍ച്ചയും തുടര്‍ന്ന് പാതിരാ കുര്‍ബാനയും നടത്തപ്പെടുന്നു. ഈസ്റ്റര്‍ ഒരു വിധത്തില്‍ സഭയുടെ വര്‍ഷാരംഭമാണ്.  അതുകൊണ്ട് തന്നെ പെസഹാ ജാഗരത്തിന്റെ ഈ അവസാനമണിക്കൂറുകള്‍ പ്രത്യേകമായ ചടങ്ങുകള്‍ കൊണ്ട് സമ്പന്നവുമാണ്..  ആ ചടങ്ങുകളിലേക്ക്...



പാസ്ക്‌ ആണികള്‍
ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ആരംഭമായ പെസഹാ രാവ്‌ മുതല്‍ ഉയിര്‍പ്പ് രാവ്‌ വരെ സഭ പെസഹാ ജാഗരം അനുഷ്ടിക്കുന്നു.  അതിന്റെ അവസാന മണിക്കൂറുകളായ വലിയ ശനി രാവില്‍ പ്രത്യേകമായ ചടങ്ങുകള്‍ നടക്കുന്നു.  ഏറ്റവും ആദ്യം പുതിയ അഗ്നി ആശീര്‍വദിക്കുന്ന ചടങ്ങാണ്.  ദേവാലയത്തിലെ എല്ലാ വെളിച്ചവും അണച്ചശേഷമാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.  ആഘോഷ സൂചകമായ വെള്ള/സുവര്‍ണ്ണ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രധാന കാര്‍മ്മികന്‍ സഹകാര്‍മ്മികരോടൊപ്പം ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ എത്തുന്നു.  ഈ സമയം ജനങ്ങള്‍ ദേവാലയത്തിനു വെളിയിലായിരിക്കും.  തുടര്‍ന്ന് പ്രാര്‍ഥനകള്‍ക്ക് ശേഷം പുതിയ വര്‍ഷത്തേക്കുള്ള പാസ്ക്‌ തിരി (paschal candle) ആശീര്‍വദിക്കുന്നു. പാസ്ക്‌ തിരി സഭയുടെ ആരാധനക്രമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.  യേശുവിന്റെ സാന്നിധ്യമാണ് പാസ്ക്‌ തിരിയിലെ അഗ്നി വഴി ഓര്‍മ്മിപ്പിക്കപ്പെടുന്നത്.  മാമോദീസ, സ്ഥൈര്യലേപനം, കുമ്പസാരം, തിരുപ്പട്ടം, വിവാഹം തുടങ്ങിയ പ്രധാനപ്പെട്ട കൂദാശകളില്‍ പാസ്ക്‌ തിരിയുടെ സാന്നിധ്യമുണ്ടായിരിക്കണം.  പാസ്ക്‌ തിരിയില്‍ ഒരു കുരിശ് വരച്ച് അതിന്റെ നാല് ഭാഗങ്ങളില്‍ നടപ്പു വര്‍ഷവും കുരിശിനു മുകളിലും താഴെയുമായി ഗ്രീക്ക്‌ അക്ഷരമാലയിലെ ആല്‍ഫ, ഒമേഗ എന്നീ അക്ഷരങ്ങളും രേഖപ്പെടുത്തിയിരിക്കും. ദൈവത്തിന്‍റെതാണ് കാലങ്ങളും യുഗങ്ങളും അവിടുന്നാണ് ആല്ഫായും (ആദി) ഒമേഗയും (അന്ത്യം) എന്നാണ് ഈ എഴുത്തിന്റെ അര്‍ഥം.  (ചിത്രം കാണുക) തുടര്‍ന്ന് കുരിശിന്റെ നാല് അഗ്രങ്ങളിലും നടുവിലുമായി സുഗന്ധദ്രവ്യങ്ങള്‍ (കുന്തിരിക്കം പോലുള്ള) നിറച്ച പാസ്ക്‌ ആണികള്‍ കുത്തിനിര്‍ത്തുന്നു.  ക്രിസ്തുവിന്റെ അഞ്ചു തിരുമുറിവുകളെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്.  തുടര്‍ന്ന് വൈദികന്‍ തീക്കനലുകളില്‍ ഊതി പുതിയ അഗ്നിയെടുക്കുന്നു.  ആ അഗ്നി ആശീര്‍വദിച്ച്   പാസ്ക്‌ തിരിയിലെക്ക് പകരുന്നു.  തുടര്‍ന്ന് ജനങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കൈത്തിരികളിലേക്ക്‌ ഈ അഗ്നി പകരുന്നു പാസ്ക്‌ തിരിയുമായി പ്രധാന വൈദികന്‍ അള്‍ത്താരയിലേക്ക് നടക്കുന്നു.  ജനങ്ങള്‍ ദേവാലയത്തിനകത്തേക്ക് പ്രവേശിക്കുന്നു.. 

2008 ലെ ഒരു പാസ്കല്‍ തിരി 
അള്‍ത്താരയിലേക്കുള്ള യാത്രയില്‍ പ്രധാന കാര്‍മ്മികന്‍ മൂന്ന് വട്ടം നിന്ന് ക്രിസ്തുവിന്‍ പ്രകാശം  എന്നുച്ചരിക്കുന്നു.  ജനങ്ങള്‍ ദൈവത്തിനു സ്തോത്രം എന്ന് പ്രത്യുചരിക്കുന്നു.  ഇത് മൂന്ന്‍ വട്ടം ആവര്‍ത്തിക്കുന്നു..  അലങ്കാരങ്ങളോ വിരിപ്പുകളോ ഇല്ലാത്ത അള്‍ത്താരയില്‍ വൈദികര്‍ പാസ്ക്‌ തിരിയുമായി എത്തുന്നതോടെ ദേവാലയത്തിലെ എല്ലാ  ദീപങ്ങളും തെളിയിക്കുന്നു.  

ഇതിനു ശേഷം പ്രത്യേകമായ പ്രാര്‍ഥനാ സങ്കീര്‍ത്തനം ആലപിക്കുന്നു. തുടര്‍ന്ന് പാതിരാ കുര്‍ബാന ആരംഭിക്കുന്നു. സാധാരണയില്‍ നിന്ന് വിഭിന്നമായി പാതിരാ കുര്‍ബാനയ്ക്കിടെ തുടര്‍ച്ചയായ സുദീര്‍ഘമായ ബൈബിള്‍ വായന നടത്തുന്നു.  പന്ത്രണ്ടു മണിയോടെ ക്രിസ്തുവിന്റെ ഉയര്‍പ്പിനെ അനുസ്മരിച്ചുകൊണ്ട് ഗ്ലോറിയ പാടുന്നു.  പള്ളിമണികളും ചെറുമണികളും മുഴക്കുന്നു. (വിശുദ്ധ വാരത്തിനു ശേഷം ആദ്യമായി ഇപ്പോഴാണ് പള്ളിമണികള്‍ മുഴക്കുന്നത്) ആരാധനക്രമത്തിന്‍റെ ഭാഗമല്ലെങ്കിലും ഈ സമയം ക്രിസ്തുവിന്റെ ഉയര്പ്പിന്റെ ദൃശ്യാവിഷ്കാരം നടത്തുന്നു.  ഗ്ലോറിയ പാടിത്തീര്‍ക്കുന്ന സമയം കൊണ്ട് അള്‍ത്താരയില്‍ പുത്തന്‍ വിരിപ്പുകളും തിരശീലകളും വിരിക്കുകയും പൂക്കളും കത്തിച്ച തിരികളും വച്ച് അലങ്കരിക്കുകയും ചെയ്യും.. അള്‍ത്താരയിലെ ദൈവ സാന്നിധ്യത്തെ ഓര്‍മ്മിപ്പിക്കുന്ന വിളക്കുകള്‍ എല്ലാം തെളിയിക്കുന്നു.  തുറന്നിരിക്കുന്ന സക്രാരി അടച്ച് സൂക്ഷിക്കുന്നു.  തുടര്‍ന്ന് ആഘോഷമായ  ഉയിര്‍പ്പ് ദിവ്യബലി നടത്തുന്നു.  



ദിവ്യബലിക്കിടെ പുത്തന്‍ വെള്ളം ആശീര്‍വദിക്കുന്ന ചടങ്ങ് നടത്തുന്നു, ഇതിനായി വലിയ പാത്രങ്ങളില്‍ വെള്ളം സംഭരിച്ചു വയ്ക്കുന്നു.  ഞാന്‍ ഭൂമിയുടെ ഉപ്പാണ് എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് പ്രധാന കാര്‍മ്മികന്‍ വെള്ളത്തില്‍ ഉപ്പ് നിക്ഷേപിക്കുന്നു.  തുടര്‍ന്ന് പാസ്ക്‌ തിരികൊണ്ട് മൂന്ന് വട്ടം ജലത്തില്‍ സ്പര്‍ശിക്കുന്നു.  ഈ ജലമാണ് ആശീര്‍വാദങ്ങള്‍ക്കും ജ്ഞാനസ്നാനത്തിനും ഉപയോഗിക്കുന്നത്.  തുടര്‍ന്ന് പുതുതായി ആശീര്‍വദിച്ച പുത്തന്‍വെള്ളം ജനങ്ങളുടെ മേല്‍ തളിക്കുന്നു. 

തുടര്‍ന്ന് ജ്ഞാനസ്നാന വ്രത നവീകരണമാണ്.  ജ്ഞാനസ്നാന വേളയില്‍ നമുക്ക് വേണ്ടി നമ്മുടെ ജ്ഞാനസ്നാന മാതാപിതാക്കള്‍ ഏറ്റുപറഞ്ഞ വ്രതപ്രതിജ്ഞ നാം ഏറ്റുപറയുന്ന ചടങ്ങാണിത്.

ദിവ്യബലിക്ക്‌ ശേഷം പ്രധാന കാര്‍മ്മികന്‍ സമാധാനം നിങ്ങളോട് കൂടെ എന്ന് പറഞ്ഞുകൊണ്ട് ഈസ്റ്റര്‍ ആശംസകള്‍ കൈമാറുന്നു.  ഒടുവിലായി  തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കുന്നതോടെ ഈസ്റ്റര്‍ ചടങ്ങുകള്‍ അവസാനിക്കുന്നു.  പള്ളി മണികള്‍ മുഴക്കുന്നു. 

Thursday, April 21, 2011

ദുഃഖവെള്ളി – ലത്തീന്‍ ആരാധനക്രമം പ്രകാരം നടക്കുന്ന ചടങ്ങുകള്‍


എല്ലാവര്ക്കും അറിയാവുന്ന പോലെ ക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവുമാണ് ഇന്നത്തെ ദിവസം അനുസ്മരിക്കുന്നത്.  ലത്തീന്‍ ആരാധനക്രമം പ്രകാരം ദുഃഖവെള്ളി ദിവസം വളരെ കുറച്ച് ചടങ്ങുകളെ ഒള്ളു. രാവിലെ മുതല്‍  കുരിശിന്റെ വഴി, പുത്തന്‍പാന എന്നിവ ചൊല്ലുന്ന ഒരു പതിവ്‌ ഉണ്ട്.  എങ്കിലും   ഉച്ചകഴിഞ്ഞാണ് പ്രധാന ചടങ്ങുകള്‍ ആരംഭിക്കുന്നത്.  എന്നാല്‍ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ യേശുവിന്റെ തിരുസ്വരൂപം പൊതുജനങ്ങള്‍ക്ക്‌ കാണുന്നതിന് അവസരം നല്‍കാറുണ്ട്.  വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ തിരുസ്വരൂപം പുറത്തു പ്രദര്‍ശിപ്പിക്കാറുള്ളത്.

അലങ്കാരമോ വിരിപ്പുകളോ ഇല്ലാത്ത അള്‍ത്താരയിലേക്ക് പ്രധാനകാര്മ്മികന്‍ സഹകാര്‍മ്മികരുടെ അകമ്പടിയോടെ കടന്നു വരുന്നു.  രക്തസാക്ഷിത്വത്തെയും വിജയത്തെയും സൂചിപ്പിക്കുന്ന ചുവപ്പ് തിരുവസ്ത്രങ്ങളാണ് ഇന്ന് ഇവരുടെ വേഷം.  ലത്തീന്‍ സഭാ പാരമ്പര്യമനുസരിച്ച് ദുഃഖവെള്ളിയും  വലിയ ശനിയും ദിവ്യബലി ഉണ്ടാവാറില്ല.

ദുഃഖവെള്ളിയിലെ ആദ്യ ചടങ്ങ് സുദീര്‍ഘമായ പീഡാനുഭവചരിത്രപാരായണമാണ്.  മുഖ്യ കാര്മ്മികനും സഹകാര്മ്മികരും ഒരുമിച്ചാണ് ഈ ഗ്രന്ഥപാരായണം പൂര്‍ത്തിയാക്കുന്നത്.  തുടര്‍ന്ന് വചനസന്ദേശം നല്‍കുന്നു.  ഓശാന ഞായര്‍ മുതല്‍ ധൂമ്ര നിറമുള്ള തുണി കൊണ്ട് മറച്ചു വച്ചിരിക്കുന്ന ക്രൂശിത രൂപം അനാശ്ചാദനം ചെയ്യുന്ന ചടങ്ങാണ് തുടര്‍ന്ന് നടക്കുന്നത്.  ദിവ്യബലി അനുവദനീയമല്ലാത്തത് കൊണ്ട് ദിവ്യബലി ഇല്ലാതെ ദിവ്യകാരുണ്യ സ്വീകരണം മാത്രം നടത്തുന്ന ചടങ്ങാണ് അടുത്തത്.  ഇത് കഴിയുന്നതോടെ യേശുവിന്റെ വലിയ തിരുസ്വരൂപം മഞ്ചലില്‍ കിടത്തി പള്ളിയിലേക്ക്‌ കൊണ്ടുവരുന്നു.  (ചില പള്ളികളില്‍ ഈ രൂപം കുരിശില്‍ നിന്ന് മഞ്ചലിലേക്ക് എടുക്കുന്ന അപൂര്‍വ്വ ചടങ്ങുകളും കണ്ടിട്ടുണ്ട് വീഡിയോ കാണുക)

തുടര്‍ന്ന് മൃതസംസ്കാര കര്‍മ്മങ്ങളാണ് നടക്കുന്നത്.  അതിന്റെ ആദ്യ പടിയായി നഗരി കാണിക്കല്‍ ചടങ്ങ് നടക്കുന്നു.   യേശുവിന്റെ തിരുസ്വരൂപം കിടത്തിയിരിക്കുന്ന മഞ്ചലും വഹിച്ച് നടത്തുന്ന പട്ടണപ്രദക്ഷിണമാണിത്.  വിശുദ്ധ വാരത്തില്‍ പള്ളി മണികള്‍ മുഴക്കാറില്ല.  പകരം മരമണികള്‍ ആണ് ഉപയോഗിക്കുന്നത്.  നഗരി കാണിക്കല്‍ കഴിഞ്ഞ് ഭക്തര്‍ക്ക്‌ തിരുസ്വരൂപം കാണാന്‍ അവസരം നല്‍കുന്നു.  തുടര്‍ന്ന് മൃതസംസ്കാര കര്‍മ്മങ്ങളുടെ അവസാനഭാഗമായ കബറടക്കം നടക്കുന്നു.  അതോടെ ദുഃഖവെള്ളി ദിനത്തിലെ ചടങ്ങുകള്‍ അവസാനിക്കുന്നു.  ഇതിനുശേഷം പെസഹാ ജാഗരമായിട്ടാണ് കണക്കുകൂട്ടുന്നത്, ആരാധനാചടങ്ങുകള്‍ ഒന്നും തന്നെ തുടര്‍ന്ന് നടക്കുന്നില്ല.


Wednesday, April 20, 2011

പെസഹാവ്യാഴം – ലത്തീന്‍ ആരാധനക്രമം പ്രകാരം നടക്കുന്ന ചടങ്ങുകള്‍



പെസഹാ എന്ന വാക്കിന്റെ അര്‍ഥം കടന്നുപോകല്‍ എന്നാണ്.  ക്രൈസ്തവ സഭയുടെ പ്രധാനപ്പെട്ട തിരുനാളുകളില്‍ ഒന്നാണ് പെസഹാവ്യാഴം. പഴയ നിയമ പ്രകാരവും പുതിയ നിയമ പ്രകാരവും പെസഹായ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്.  ക്രിസ്തുവിന്റെ അന്ത്യഅത്താഴവും, പരിശുദ്ധ കുര്‍ബാനയുടെ സ്ഥാപനവും, പീഡാനുഭവങ്ങളുടെ ആരംഭവുമാണ് പെസഹാ തിരുനാള്‍ വഴി ക്രൈസ്തവ സഭ അനുസ്മരിക്കുന്നത്.  ലത്തീന്‍ ആരാധനക്രമം പ്രകാരം വൈകിട്ടാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്.

അമ്പത് നോമ്പ്‌ ദിവസങ്ങളില്‍ അള്‍ത്താരയില്‍ സഹനത്തിന്റെയും, ക്ഷമയുടെയും, വേദനയുടെയും സൂചകമായി വിരിക്കുന്ന ധൂമ്ര  (purple) വിരിപ്പുകള്‍ക്കും തിരശീലകള്‍ക്കും അലങ്കാരങ്ങള്‍ക്കും പകരം പെസഹാ  ദിവസം ആഘോഷസൂചകമായ വെള്ള/സുവര്‍ണ്ണ (white/golden) വിരിപ്പുകളും തിരശീലകളും അലങ്കാരങ്ങളുമാണ് ഉണ്ടാവുക.  വൈദികരുടെ തിരുവസ്ത്രങ്ങളും ആഘോഷസൂചകമായ വെള്ള/സുവര്‍ണ്ണ നിറങ്ങളില്‍ ഉള്ളതായിരിക്കും.  പുഷ്പാലങ്കൃതമായ അള്‍ത്താരയിലേക്ക് പ്രധാനകാര്‍മ്മികന്‍ സഹകാര്‍മികരോടും, യേശുവിന്റെ ശിഷ്യരെ പ്രതിനിധീകരിച്ച് പ്രത്യേകം തിരഞ്ഞെടുത്ത 12 ആളുകളോടുമൊപ്പം കടന്നുവരുന്നു.  തുടര്‍ന്ന് ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ചുകൊണ്ടുള്ള കുര്‍ബാന ആരംഭിക്കുന്നു.

കുര്‍ബാനമദ്ധ്യേ, പ്രധാനകാര്‍മ്മികന്‍, തിരഞ്ഞെടുത്ത 12 പേരുടെയും പാദങ്ങള്‍ കഴുകി ചുംബിക്കുന്നു.  അന്ത്യഅത്താഴത്തിന് മുന്‍പ്‌ യേശു, ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചുകൊണ്ട്  എളിമയുടെ മാതൃകകാട്ടിയതിനെ അനുസ്മരിച്ചുകൊണ്ടാണ് ഈ കര്‍മ്മങ്ങള്‍ നടത്തുന്നത്.

കുര്‍ബാന നല്‍കുന്ന ചടങ്ങിനു ശേഷം പരിശുദ്ധകുര്‍ബാന (തിരുവോസ്തി) അള്‍ത്താരയിലെ സക്രാരിയില്‍ നിന്നും പ്രത്യേകം സജ്ജമാക്കിയ മറ്റൊരു താല്‍ക്കാലിക സക്രാരിയിലേക്ക്‌ മാറ്റുന്നു.  യേശു അത്താഴത്തിനു ശേഷം ഗെത്സെമെനി തോട്ടത്തിലേക്ക് പോയി പ്രാര്‍ഥിച്ചതിനെ അനുസ്മരിക്കുന്ന ചടങ്ങാണിത്.  പ്രധാന കാര്‍മ്മികന്‍, തിരുവോസ്തി ഉള്‍ക്കൊള്ളുന്ന കുസ്തോദി, സഹകാര്‍മ്മികരുടെ അകമ്പടിയോടെ ആഘോഷപൂര്‍വ്വമായ ലഘു പ്രദക്ഷിണമായി, ദേവാലയത്തില്‍ അള്‍ത്താരയ്ക്ക് പുറത്ത്‌ പ്രത്യേകം തയ്യാറാക്കിയ മറ്റൊരു സക്രാരിയില്‍ സ്ഥാപിക്കുന്നു.  ഈ പ്രദക്ഷിണം അള്‍ത്താര വിടുന്നതോടെ അള്‍ത്താരയില്‍ ദൈവസാന്നിധ്യത്തെ ഓര്‍മ്മിപ്പിക്കുന്ന ദീപങ്ങള്‍ അണയ്ക്കുന്നു.  അള്‍ത്താരയിലെ എല്ലാ അലങ്കാരങ്ങളും വിരിപ്പുകളും തിരശീലകളും വിളക്കുകളും മാറ്റുന്നു.  സക്രാരി തുറന്നിടുന്നു. ഈസ്റ്റര്‍ രാവ്‌ വരെ അള്‍ത്താര, വിരിപ്പുകളും, തിരശീലയും, അലങ്കാരങ്ങളും ഇല്ലാതെ സൂക്ഷിക്കും.

തിരുവോസ്തി താല്‍കാലിക സക്രാരിയില്‍ വയ്ക്കുന്നതോടെ പെസഹാജാഗരണം ആരംഭിക്കുന്നു.  തുടര്‍ന്ന് പ്രാര്‍ത്ഥനകളും ആരാധനയുമായി തുടരുന്നു.  ചില ദേവാലയങ്ങളില്‍ 12 മണി വരെയും, ചിലയിടങ്ങളില്‍ രാത്രി മുഴുവനും ആരാധന തുടരുന്നു.

പെസഹായുടെ മറ്റൊരു പ്രധാന ചടങ്ങ് ക്രൈസ്തവ ഭവനങ്ങളിലാണ്.  അന്നേ ദിവസം ഉണ്ടാക്കിയ പെസഹാ അപ്പം കഴിക്കുന്ന ചടങ്ങാണത്.  പള്ളിയിലെ ചടങ്ങുകള്‍ക്ക്‌ ശേഷം വീട്ടിലെത്തി കുടുംബാംഗങ്ങള്‍ ഒന്നിച്ചാണ് പെസഹാ അപ്പം കഴിക്കുന്നത്. കഴിക്കുന്നതിനു മുന്‍പ് തന്‍റെ അയല്‍കുടുംബങ്ങളില്‍ പെസഹാ അപ്പം ഉണ്ടാക്കാന്‍ സാധിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള പങ്ക് ആദ്യമേ നല്‍കിയിരിക്കണം.  ഗൃഹനാഥന്‍ അപ്പം മുറിച്ച് കുടുംബാംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതോടെ പെസഹാ ചടങ്ങുകള്‍ അവസാനിക്കുന്നു.

Friday, November 5, 2010

ദിവ്യബലിക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍

ഓസ്തി അഥവാ അപ്പം  (Host)

ഓസ്തി
വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് ഓസ്തി.  ഗോതമ്പ് മാവ്‌ ഉപയോഗിച്ചാണ് ഓസ്തിയുണ്ടാക്കുന്നത്.  വളരെ നേര്‍ത്ത ഇവ നാവില്‍ വയ്ക്കുമ്പോഴെക്കും അലിഞ്ഞുപോവുന്നവയാണ്.  മൂന്നു വലിപ്പത്തില്‍ ആണ് സാധാരണ ഓസ്തി തയ്യാറാക്കുന്നത്.  ഒന്ന്  ഒരു നാണയത്തുട്ടിന്റെ വലിപ്പത്തില്‍, ഏഴു സെന്റിമീറ്റര്‍ വ്യാസത്തില്‍, പിന്നെയുള്ളത് പന്ത്രണ്ടു - പതിനഞ്ചു സെന്റിമീറ്റര്‍ വ്യാസത്തില്‍.

ദിവ്യബലി മധ്യേ ഇവ വാഴ്ത്തപ്പെടുകയും തുടര്‍ന്ന് ക്രിസ്തുവിന്റെ പരിശുദ്ധമായ ശരീരമായി കരുതപ്പെടുകയും ചെയ്യുന്നു.



വീഞ്ഞ് (Mass Wine) 

വീഞ്ഞും ഓസ്തിയും 
ഉണക്കമുന്തിരി ഉപയോഗിച്ചാണ് കുര്‍ബാനയ്ക്ക് ഉള്ള വീഞ്ഞ് തയ്യാറാക്കുന്നത്.   ലഹരി തീരെക്കുറവായ ഈ വീഞ്ഞിന് നല്ല മധുരവും പുളിപ്പുമാണ് മുന്നിട്ടു നില്‍ക്കുന്നത്‌.  ഇതും ദിവ്യബലി മധ്യേ വാഴ്ത്തി വിശുദ്ധീകരിക്കുന്നു.   വാഴ്ത്തപ്പെട്ട വീഞ്ഞ് ക്രിസ്തു ചിന്തിയ രക്തമായി കരുതുന്നു.

ഇവ രണ്ടുമാണ് ദിവ്യബലിയിലെ പ്രധാന ബലിവസ്തുക്കള്‍.




ഇനി ദിവ്യബലിക്ക്‌ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളെ പരിചയപ്പെടാം..


ക്രുവെറ്റ്സ്  (Cruets)


ദിവ്യബലിക്ക് ഉപയോഗിക്കേണ്ട വീഞ്ഞും വെള്ളവും എടുത്തു വയ്ക്കുന്നതിനാണ് ക്രുവെറ്റ്സ് ഉപയോഗിക്കുന്നത്
ക്രുവെറ്റ്സ് 

കാസയും പീലാസയും  (Chalice and Paten)

കാസ അഥവാ പാനപാത്രം, കുര്‍ബാനയ്ക്കിടെ വീഞ്ഞ് സൂക്ഷിക്കുന്നതിനാണ്  ഉപയോഗിക്കുന്നത്.  പീലാസ പ്രധാന ഓസ്തി വയ്ക്കുന്നതിനുള്ള പരന്ന ഒരു പാത്രമാണ്.  കുര്‍ബാന മധ്യേ വൈദികന്‍ ക്രുവെറ്റ്സില്‍ നിന്നും വീഞ്ഞ് കാസയിലെക്ക് പകര്‍ത്തിയാണ് ഉപയോഗിക്കുന്നത്.

ചെറുവിരി അഥവാ കോര്‍പോറല്‍ (Corporal)

കാസയും പീലാസയും
ഇത് ലിനന്‍ നിര്‍മിതമായ ഒരു ചെറിയ തുണിയാണ്.   ബലിവസ്തുക്കള്‍ അള്‍ത്താരയിലെ ബലിപീഠത്തില്‍ വയ്ക്കുന്നതിനു വേണ്ടി  ഇത് വിരിക്കുന്നു.  കോര്‍പോറല്‍ ചതുരാകൃതിയില്‍ മടക്കുന്നു.

കോര്‍പോറല്‍ 
പ്യൂരിഫിക്കേറ്റര്‍ (Purificator)


ഇതും ലിനന്‍ നിര്‍മ്മിതമായ തുണിയാണ്.   കോര്‍പോറലിനേക്കാള്‍ ചെറുതും നീളത്തില്‍ മടക്കുന്നതുമായ ഇവ ദിവ്യബലിക്കിടെ കാസയും പീലാസയും മറ്റും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നു.


പ്യൂരിഫിക്കേറ്റര്‍
പാല്‍ (Pall)


കാസ, പീലാസ എന്നിവ  മൂടിവയ്ക്കുന്നതിനു വേണ്ടിയാണ് പാല്‍ ഉപയോഗിക്കുന്നത്.   കട്ടിയുള്ള ഒരു ചെറു ബോര്‍ഡ്‌ ആണിത്. 
പാല്‍ കാസയ്ക്ക്‌ മുകളില്‍


കുസ്തോദി അഥവാ സിബോറിയം (Ciborium)

വാഴ്ത്തിയ തിരുവോസ്തി സൂക്ഷിക്കുന്നത് സിബോറിയത്തിലാണ്. കാസയില്‍ നിന്നും വ്യത്യസ്തമായി സിബോറിയം അടച്ചു വയ്ക്കാവുന്ന  വിധത്തില്‍ അടപ്പുള്ളവയാണ്.   ഈ സിബോറിയം സൂക്ഷിക്കുന്നത് സക്ക്രാരിയിലാണ്.  സക്ക്രാരിയില്‍ ആവശ്യത്തിന് ഓസ്തി ഇല്ലെങ്കില്‍ കുര്‍ബാന തുടങ്ങുന്നതിനു മുന്നേ സിബോറിയത്തില്‍ വാഴുത്തുവാന്‍ വേണ്ടിയുള്ള ഓസ്തി നിറച്ച് ബലിപീഠത്തില്‍ വയ്ക്കുന്നു.    സക്ക്രാരി എന്താണെന്ന് പിന്നീട് വിശദീകരിക്കാം.
സിബോറിയം

ദിവ്യബലിക്കായി കാസ തയ്യാറാക്കുന്ന വിധം

കാസയ്ക്ക്‌ മുകളില്‍ പ്യൂറിഫിക്കേറ്റര്‍ ഇടുന്നു.  അതിനു മുകളില്‍ പീലാസയില്‍ ഇടത്തരം വലിപ്പമുള്ള ഓസ്തി വയ്ക്കുന്നു.
ഇതിനെ മറച്ചുകൊണ്ട് പാല്‍ വയ്ക്കുന്നു.  അതിനു മുകളിലായി കോര്‍പോറല്‍ മടക്കി വയ്ക്കുന്നു.   

ദിവ്യബലി മധ്യേ വൈദികന്‍ കോര്‍പോറല്‍ എടുത്ത്‌ ബലിവേദിയില്‍ വിരിക്കുന്നു.  തുടര്‍ന്ന് പാല്‍ മാറ്റി പീലാസയില്‍ വച്ചിരിക്കുന്ന ഓസ്തി എടുത്ത് ആശീര്‍വദിക്കുന്നു (ഈ സമയം സിബോറിയം ബലിവേദിയില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു വയ്ക്കുന്നു).   തുടര്‍ന്ന് ക്രുവെറ്റ്സില്‍ നിന്നും വീഞ്ഞ് എടുത്ത്‌ കാസയില്‍ ഒഴിക്കുന്നു അതോടൊപ്പം ഒരു തുള്ളി വെള്ളവും അതില്‍ ചേര്‍ക്കുന്നു.  തുടര്‍ന്ന് അതും ആശീര്‍വദിക്കുന്നു.

കുര്‍ബാനയ്ക്ക് ശേഷം ബാക്കി വരുന്ന ഓസ്തി സക്രാരിയില്‍ സൂക്ഷിക്കുന്നു.  ബാക്കി വരുന്ന വീഞ്ഞ് വൈദികന്‍ കുടിക്കുന്നു.

അരുളിക്ക
അരുളിക്ക (Monstrance)

ആരാധനയ്ക്കാണ് അരുളിക്ക പ്രധാനമായും ഉപയോഗിക്കുന്നത്.    അരുളിക്കയുടെ നടുവില്‍ ഉള്ള സ്ഥലത്ത്‌ വാഴ്ത്തിയ ഓസ്തി വയ്ക്കുന്നു.  തുടര്‍ന്ന്‍ ഇത് ആരാധനയ്ക്കായി അള്‍ത്താരയില്‍ അല്ലെങ്കില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത്‌ എല്ലാവര്ക്കും കാണാന്‍ സാധിക്കുന്ന വിധത്തില്‍ വയ്ക്കുന്നു.  

സ്പ്രിംഗ്ളര്‍ (Sprinkler) 
മതപരമായ ചടങ്ങുകള്‍ക്കിടയില്‍ വിശുദ്ധജലം തളിക്കാന്‍ ഉപയോഗിക്കുന്നു.

ധൂപക്കുറ്റി

കുന്തിരിക്കം പുകയ്ക്ക്കാന്‍ ഉപയോഗിക്കുന്നു.  

പള്ളിമണികള്‍ 

പള്ളിയില്‍ മണികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.   ദിവ്യബലിയുടെ വിവിധ ഘട്ടങ്ങളില്‍ കൈമണികളും വലിയ മണികളും മുഴക്കുന്നു.   കൈമണികള്‍ പ്രധാനമായും ആരാധനയോട് അനുബന്ധിച്ചാണ് മുഴക്കുന്നത്.   എന്നാല്‍ വലിയ മണികള്‍ ആരാധനയ്ക്ക് പുറമേ അറിയിപ്പിനും, സമയ മണിയായും, ആഘോഷങ്ങള്‍ക്കും, ദുഃഖാചരണത്തിനും മുഴക്കുന്നു.


അപ്ഡേറ്റ്:   ദിവ്യബലി എന്നത് കുര്‍ബാനയുടെ മറ്റൊരു പേരാണ്.  ക്രിസ്തു സ്വന്തം ജീവന്‍ ബലികഴിച്ച് മനുഷ്യകുലത്തെ രക്ഷിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് ഓരോ കുര്‍ബാനയും നടത്തപ്പെടുന്നത്.   അതുകൊണ്ട് അതിനെ ദിവ്യബലി എന്ന് വിളിക്കുന്നു.




ആമുഖം

വിവിധ വിശ്വാസങ്ങളാലും, ആരാധനാരീതികളാലും, ആചാരങ്ങളാലും സമ്പന്നമാണ് നമ്മുടെ നാട്.  മറ്റുള്ളവരുടെ ആരാധനാ രീതികളെയും, അവരുടെ ആചാരാനാനുഷ്ടാനങ്ങളെയും പറ്റി അറിയുന്നത് രസാവഹവും അതോടൊപ്പം വിജ്ഞാനദായകവും ആയിരിക്കും.  ഇവിടെ ക്രൈസ്തവ ആരാധനയെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ എല്ലാവരോടും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.  അതിനു വേണ്ടിയാണ് ഈ ബ്ലോഗ്‌.   ഇതില്‍ പറയുന്ന കാര്യങ്ങള്‍ ഒരു  ക്രിസ്ത്യാനിക്ക് പോലും ചിലപ്പോള്‍ അറിയാത്തവയാവും.  അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇത് ഒരു സഹായമാവട്ടെ.   അതോടൊപ്പം മറ്റു മതവിഭാഗങ്ങളിലെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ ഇതുപോലെ ഒരു ബ്ലോഗ്‌ തുടങ്ങിയാല്‍ അത് വളരെയേറെ സഹായകമാവും.

എന്താണ് സങ്കീര്‍ത്തി?

സങ്കീര്‍ത്തി എന്ന വാക്ക്‌ നിങ്ങള്‍ക്ക്‌ ഒരു പക്ഷെ അപരിചിതമായിരിക്കും.  പള്ളിയില്‍ അള്‍ത്താരയ്ക്ക് പിന്നിലോ വശങ്ങളിലോ കാണുന്ന മുറിയാണ് സങ്കീര്‍ത്തി എന്നറിയപ്പെടുന്നത്.  ഇവിടെയാണ്‌ ദിവ്യബലിക്കായി വൈദികരും അള്‍ത്താരബാലകരും ഒരുങ്ങുന്നത്.  ഇവിടെയാണ്‌ കുര്‍ബാനയ്ക്കുള്ള മറ്റു ഒരുക്കങ്ങള്‍ നടത്തുന്നത്.  കാര്‍മികര്‍ക്ക് ഉള്ള വസ്ത്രങ്ങളും മറ്റു വസ്തുക്കളും സൂക്ഷിക്കുന്നതും ഇവിടെയാണ്‌.  അതുകൊണ്ട് ഒരു പള്ളിയുടെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണ് സങ്കീര്‍ത്തി.

വരൂ..  ഈ സങ്കീര്‍ത്തിയില്‍ നിങ്ങള്‍ക്ക്‌ എല്ലാം പരിചയപ്പെടാം...